ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും ഉണരുകയായി .തോറ്റത്തിന്റെയും തെയ്യങ്ങളുടെയും വരവറിയിച്ച്‌ വീണ്ടുമൊരു തുലാപ്പത്തു കൂടി.ചെണ്ട മേളങ്ങളും തോറ്റം പാട്ടുകളും കാവുകളുടെ അന്തരീക്ഷത്തെ മുഖരിതമാക്കും.

Friday, October 29, 2010

തെയ്യം

ഉത്തരകേരളത്തിലെ അനുഷ്ഠാനകലയാണ്‌ തെയ്യം. ഓരോ തെയ്യക്കാഴ്ചയും സമ്മാനിക്കുന്ന ഓര്‍മ്മകള്‍ ഒരുപാടാണ്.ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതൽ തെക്കോട്ട്‌ തിറയാട്ടം എന്നും സ്വല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യങ്ങൾ. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടിവരുന്ന പാട്ടുകളെ തോറ്റം പാട്ടുകൾ എന്നാണു പറയുക. തെയ്യത്തിനുമുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടുവരുന്നു.

തോറ്റം പാട്ട്

തെയ്യങ്ങൾക്കും അവയോടനുബന്ധിച്ച് തലേന്നാൾ കെട്ടിയാടുന്ന തോറ്റം, വെള്ളാട്ടം എന്നിവയ്ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളെയാണ്‌ തോറ്റം പാട്ടുകൾ എന്ന് പറയുന്നത്. കേരളത്തിൽ തെയ്യത്തിനു പുറമേ മറ്റു പല അനുഷ്ഠാനങ്ങൾക്കും തോറ്റം പാട്ടുകൾ പാടാറുണ്ട്. വണ്ണാൻ, മലയൻ, അഞ്ഞൂറാൻ, മുന്നൂറ്റാൻ തുടങ്ങി തെയ്യം കെട്ടിയാടുന്ന സമുദായങ്ങളുടെ വംശീയമായ അനുഷ്ഠാനപ്പാട്ടുകളാണ്‌ തോറ്റം പാട്ടുകൾ[1].തെയ്യാട്ടത്തിന്റെ ആദിഘട്ടമാണ്‌ തോറ്റം. ദൈവത്തെ വിളിച്ചു വരുത്താൻ ഉപയോഗിക്കുന്നതും, ദൈവചരിത്രം വർണ്ണിക്കുന്നതുമായ പാട്ടാണിത് മുഖമെഴുത്ത്‌ നടത്തുമ്പോളും ചമയങ്ങൾ അണിയുമ്പോളും വെള്ളാട്ടത്തിന്റെ സമയത്തും തോറ്റം പാടുന്നതായി കണ്ടുവരുന്നു.

വെള്ളാട്ടം

തെയ്യത്തിന്റെ ചെറിയ രൂപമാണ്‌ വെള്ളാട്ടം. അതായത് തെയ്യത്തിന്റെ ബാല്യവേഷം. എങ്കിലും എല്ലാ തെയ്യങ്ങൾക്കും വെള്ളാട്ടമില്ല. വെള്ളാട്ടം തെയ്യം തന്നെ. ഇതിനെ തെയ്യത്തിന്റെ ബാല്യ രൂപമായി കാണാം. പ്രധാന വ്യത്യാസം മുടിയിലാണ്‌. വെള്ളാട്ടത്തിന്‌ തിരുമുടിയില്ല. ചെറിയ മുടി മാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ്‌ തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂർണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണ്‌.

വേഷവിശേഷം

ശിവഭൂതാതികളുടെ തെയ്യങ്ങളാണു കൂടുതലെങ്കിലും കാളിയും ചാമുണ്ഡിയും ഗന്ധർവനും, യക്ഷിയും നാഗവും സമീപ പ്രദേശങ്ങളിലെ വീരന്മാരും എല്ലാം തെയ്യദേവതകളാണ്‌. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌. മുഖത്തെഴുത്ത്‌, മെയ്യെഴുത്ത്‌, ചമയങ്ങൾ, വേഷങ്ങൾ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേർതിരിക്കുന്നത്‌. അരിപ്പൊടിചാന്ത്‌, ചുട്ടെടുത്ത നൂറ്‌, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ നിറങ്ങളെ ചാലിക്കുന്നത്‌. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ്‌ ചായമെഴുത്തിനുപയൊഗിക്കുന്നത്‌. ചിത്രമെഴുത്തുകാരെ എഴുത്താളർ എന്നു പറയുന്നു. തലപ്പാളി, ചെന്നിമലർ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും, ചിലമ്പ്‌, മണിക്കയല്‌, പറ്റുമ്പാടകം എന്നിവ കാലിലും തെയ്യവേഷത്തിൽ നിർബന്ധമാണ്‌. കവുങ്ങിൻ (കമുകിൻ) പാളയും മറ്റും കൊണ്ടുള്ള പൊയ്‌മുഖങ്ങൾ അണിയുന്നവരും, പൊയ്‌ക്കണ്ണ്‌ വെച്ചവരും, താടിമീശവെച്ചവരുമായ തെയ്യങ്ങളേയും കാണാം.

വടക്കേ മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന അനുഷ്ഠാനകലയാണ് തെയ്യം. തെയ്യം എന്നതിന് ദൈവം എന്നാണര്‍ത്ഥം. അതായത് ദൈവം എന്ന പദത്തിന്റെ ഗ്രാമ്യരൂപമാണ് തെയ്യം. ദേവതാരൂപങ്ങളുടെ കോലങ്ങള്‍ ആസുരവാദ്യങ്ങളില്‍ നിന്നുയരുന്ന താളങ്ങള്‍ക്കനുസരിച്ച് കെട്ടിയാടുന്നതാണ് ഇതിലെ രീതി. ഒരു പുരാവൃത്തത്തിന് അനുസൃതമായുള്ള വേഷഭൂഷാദികളോടെ ദേവതാ രൂപം കൈകൊണ്ട് ഉറഞ്ഞുതുള്ളുകയും വ്യക്തികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്ന ആരാധനാ രീതിയാണ് തെയ്യം കെട്ടിയാടലില്‍ കാണുന്നത്. തെയ്യത്തിനു മുന്നില്‍ ഓരോരുത്തരും അവരവരുടെ പ്രയാസങ്ങള്‍ പറയുക പതിവാണ്. അതുകേട്ട് അവരെ സമാശ്വസിപ്പിക്കുകയും ക്ലേശങ്ങള്‍ പരിഹരിക്കുമെന്ന് വാക്കുകൊടുക്കുകയും പതിവാണ്.വര്‍ണ്ണപ്പകിട്ടാര്‍ന്ന വേഷവിധാനമാണ് തെയ്യങ്ങള്‍ക്കുള്ളത്. മുഖത്തെഴുത്തിലും മെയ്യെഴുത്തിലുമുള്ള വ്യത്യാസമനുസരിച്ച് തെയ്യങ്ങളുടെ രൂപത്തിലും വ്യത്യാസം കാണും.


മുച്ചിലോട്ടു ഭഗവതി, വിഷ്‌ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, അങ്കദൈവം, അണ്ടല്ലൂര്‍ ദൈവം, അസുരാളന്‍, ആയിത്തിഭഗവതി, ആര്യപ്പൂങ്കന്നി, ആലിത്തെയ്യം, ഊര്‍പ്പഴച്ചി, ഒറവങ്കര ഭഗവതി, കണ്ടനാര്‍ കേളന്‍, കതുവന്നൂര്‍ വീരന്‍, കന്നിക്കൊരു മകന്‍, വേട്ടയ്‌ക്കൊരു മകന്‍, കയറന്‍ ദൈവം, കരിങ്കാളി, കരിന്തിരിനായര്‍, കാരന്‍ ദൈവം, കാള രാത്രി, കോരച്ചന്‍ തെയ്യം, ക്ഷേത്രപാലന്‍, കുരിക്കള്‍ത്തെയ്യം, തെക്കന്‍ കരിയാത്തന്‍, നാഗകന്നി, പടവീരന്‍, നാഗകണ്‌ഠന്‍, പുലിമാരുതന്‍, പുലിയൂരു കണ്ണന്‍, പെരുമ്പുഴയച്ചന്‍, ബാലി, ഭദ്രകാളി, ഭൈരവന്‍, മാക്കഭഗവതി, മാരപ്പുലി, മുന്നയരീശ്വരന്‍, കുലവന്‍, വിഷ കണ്‌ഠന്‍, വെളുത്ത ഭൂതം, വൈരജാതന്‍, കുട്ടിച്ചാത്തന്‍, പൊട്ടന്‍, ഗുളികന്‍, ഉച്ചിട്ട, കുറത്തി, രക്തചാമുണ്ഡി, രക്തേശ്വരി, പഞ്ചുരുളി, കണ്‌ഠകര്‍ണന്‍, മലങ്കുറത്തി, ധൂമാഭഗവതി, പുള്ളിച്ചാമുണ്ഡി, ബപ്പിരിയന്‍, അയ്യപ്പന്‍, പൂമാരുതന്‍, പുതിയ ഭഗവതി, വസൂരിമാല, കരുവാള്‍, നാഗകാളി, മലങ്കാരി, പൂതാടി, മാര്‍പ്പുലിയന്‍, അങ്കക്കാരന്‍, തീത്തറ ഭഗവതി, ഉണ്ടയന്‍, പാമ്പൂരി കരുമകന്‍, ചോരക്കളത്തില്‍ ഭഗവതി, പേത്താളന്‍, കാട്ടുമടന്ത, മന്ത്രമൂര്‍ത്തി, കാരണോര്‍, കമ്മിയമ്മ, പരാളിയമ്മ, വീരമ്പിനാറ്‌, മല്ലിയോടന്‍, നേമം ഭഗവതി, ബില്ലറ, ചൂട്ടക്കാളി, കാലചാമുണ്ഡി തുടങ്ങിയ ഒട്ടേറെ തെയ്യംതിറകളുണ്ട്‌.

No comments:

Post a Comment