ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും ഉണരുകയായി .തോറ്റത്തിന്റെയും തെയ്യങ്ങളുടെയും വരവറിയിച്ച്‌ വീണ്ടുമൊരു തുലാപ്പത്തു കൂടി.ചെണ്ട മേളങ്ങളും തോറ്റം പാട്ടുകളും കാവുകളുടെ അന്തരീക്ഷത്തെ മുഖരിതമാക്കും.

Thursday, November 4, 2010

കര്‍ക്കിടോത്തി

കര്‍ക്കിടകത്തില്‍ വീടുകയറിയിറങ്ങുന്ന "തെയ്യ'മാണ് കര്‍ക്കിടോത്തി-ജ്യേഷ്ഠാ ഭഗവതി. കര്‍ക്കിടോത്തി കുട്ടിത്തെയ്യമാണ.് മറ്റു തെയ്യങ്ങള്‍ക്കു ഉള്ളതുപോലെ നിറപ്പൊലിമയും ആര്‍ഭാടമാര്‍ന്ന ആടയാഭരണങ്ങളുമൊന്നും ഇതിനില്ല.

ഇത് കര്‍ക്കടകമാസം 28-ാം ദിവസം അടുത്ത തെയ്യമാണ്. കിരാതവേഷം ധരിച്ച് ശ്രീ പരമേശ്വരനോടൊപ്പം വേടനാരിയായി എത്തുന്ന ശ്രീപാര്‍വ്വതിയുടെ സങ്കല്‍പമാണ് ഈ തെയ്യം. കണ്ണൂര്‍ ജില്ലയിലാണ് ഇതിനു പ്രാധാന്യം.


മഴക്കാലത്ത് പ്രത്യേകിച്ചും കാറ്റുവീശുന്ന കര്‍ക്കിടകത്തില്‍ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത വിളിച്ചറിയിക്കാന്‍ വടക്കേ മലബാറില്‍ കുട്ടിത്തെയ്യമിറങ്ങും.

വീടുതോറും അത് ആടി മാറികൊഴിപ്പിക്കും.കര്‍ക്കിടോത്തി തെയ്യം കൊട്ടിപ്പാടി പടിയിറങ്ങുന്പോള്‍ വീട്ടിന് അനുബന്ധമായി ഉണ്ടായിരുന്ന ബാധകളും ഭൂതപ്രേതാദികളും വിട്ടൊഴിയും.

ശ്രീഭഗവതിയുടെ ജ്യേഷ്ഠയായ ചേട്ടാഭഗവതിയുടെ "മൂധേവി' യുടെ അഴിഞ്ഞാട്ടകാലമാണ് കര്‍ക്കിടകമാസമെന്നാണ് വിശ്വാസം. അനര്‍ത്ഥവും അനൈശ്വര്യവും വിതയ്ക്കുന്ന "ചേട്ട'യെ പുറന്തള്ളാനുള്ള ആചാരാനുഷ്ഠാനങ്ങളുടെ ആവിഷ്കാരണമാണ് ചേട്ടയെ പ്രതിനിധാനം ചെയ്യുന്ന "കര്‍ക്കിടോത്തി'.

ആടി വേടൻ :-

ഉത്തരമലബാറിലെ ചില പ്രദേശങ്ങളിൽ കർക്കടകമാസം കെട്ടിയാടുന്ന ഒരു തെയ്യങ്ങൾ ആണ് ആടിയും വേടനും‍. സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികൾ ആണ്. അതു പോലെ ഒരു ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി ഈ തെയ്യം ഓരോ വീടുകളിലും കയറി ഇറങ്ങുന്നു. പാർവ്വതിയും പരമേശ്വരനുമാണ്‌ ഈ തെയ്യങ്ങളുടെ അടിസ്ഥാനം. കർക്കടക സംക്രമം മുതൽ ആടി വേടന്മാർ ആരംഭിക്കും. ആടി എന്ന പാർവ്വതി വേഷം കെട്ടുന്നത് വണ്ണാൻ സമുദായത്തിലെ കുട്ടികളും വേടൻ എന്ന ശിവവേഷം കെട്ടുന്നത് മലയൻ സമുദായത്തിലെ കുട്ടികളുമാണ്‌. വേടൻ ആണ്‌ ആദ്യം വരുന്നത്. മാസത്തിന്റെ പകുതി ആകുമ്പോഴേക്കും ആടിയും വരും.. കോലക്കാരുടെ വീടുകളിൽ നിന്ന് കെട്ടിപ്പുറപ്പെടുന്ന ആടി വേടന്മാർക്ക് യാത്രാവേളയിൽ അകമ്പടിയായി ചെണ്ട കൊട്ടാറില്ല. വീട്ടു പടിക്കൽ എത്തുമ്പോൾ മാത്രമേ ചെണ്ടകൊട്ടൽ ആരംഭിക്കുകയുള്ളൂ. ഒറ്റ ചെണ്ട മാത്രമേ ആടിവേടന്മാർക്ക് സാധാരണ ഉണ്ടാകാറുള്ളൂ.

ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്‌. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാർ വരുന്നതിനു മുൻപേ ശുദ്ധീകരിച്ചിരിക്കും. വീടുകളിൽ കുട്ടിത്തെയ്യം ആടിക്കഴിഞ്ഞാൽ വീട്ടമ്മ ഗുരുസി കലക്കി വീടും പരിസരവും ഉഴിഞ്ഞ് മാറ്റുന്നു. ആടി,വേടൻ എന്നിവർ ആടിക്കഴിയുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ്‌ സങ്കല്പം. ആടിവേടന്മാരെ വരവേൽക്കാൻ നിറപറയും, നിലവിളക്കും വെച്ചിരിക്കും. കൂടാതെ മുറത്തിൽ അരി, പച്ചക്കറി, ധാന്യങ്ങൾ, ഉപ്പിലിട്ടത് തുടങ്ങിയ സാധനങ്ങളും വെച്ചിട്ടുണ്ടാകും. ഈ സാധനങ്ങളൊക്കെ ആട്ടത്തിനു ശേഷം തെയ്യങ്ങളുടെ ഒപ്പം വന്നിട്ടുള്ള പരികർമ്മിക്കുള്ളതാണ്‌. കൂടാതെ നെല്ലോ, പണമോ കൂടെ വീട്ടുടമസ്ഥർ അവർക്കു നൽകും.

No comments:

Post a Comment